ഹിജാബ് നിരോധനം; കോടതി വിധിയെ മാനിക്കണമെന്ന് അമിത് ഷാ

കര്‍ണാടക ഹിജാബ് നിരോധനത്തില്‍ കോടതി വിധി വരുമ്പോള്‍ എല്ലാവരും അംഗീകരിക്കണെമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെ ഏകീകൃത യൂണിഫോം ധരിക്കാന്‍ തയ്യാറാകണം. എല്ലാ മത വിഭാഗങ്ങളിലും ഉള്ളവര്‍ സ്‌കൂളുകളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വസ്ത്ര ധാരണ രീതി പിന്തുടരണമെന്ന് അമിത് ഷാ പറഞ്ഞു.

എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളും ഭരണകൂടവും നിര്‍ദ്ദേശിക്കുന്ന ഡ്രസ് കോഡ് പാലിക്കണമെന്ന് നേരത്തെ കര്‍ണാടക ധാര്‍വാഡില്‍ നിന്നുള്ള എം.പിയായ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അമിത് ഷാ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസുകള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ക്യാമ്പസില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിലക്കിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

ഹിജാബ് ഇസ്ലാമില്‍ അനിവാര്യമായ ഒന്നല്ലെന്നും, ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമല്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.