ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്; വ്യാഴാഴ്ച പാര്‍ട്ടിയില്‍ ചേരും

ഗുജറാത്ത് കോണ്‍ഗ്രസിലെ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്. വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ദിക് പട്ടേലിന്റെ നിര്‍ണായക നീക്കം. മെയ് 18-നാണ് ഹാര്‍ദിക് കോണ്‍ഗ്രസ് വിട്ടത്.

രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടത്. ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജിവെച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു. നേരത്തെയും ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് ഹാര്‍ദിദ് പട്ടേല്‍ രംഗത്തെത്തിയിരുന്നു. തന്നെ നേതൃത്വം മനഃപൂര്‍വം അവഗണിക്കുകയാണ്. പാര്‍ട്ടി യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ അഭിപ്രായം ചോദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാട്ടീദാര്‍ പ്രവര്‍ത്തകനായ ഹാര്‍ദിക് കോണ്‍ഗ്രസിന്റെ ഭാഗമായത്. സംവരണപ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ ഹാര്‍ദിക് പട്ടേല്‍ സ്വതന്ത്രദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്കൊപ്പമാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് പാര്‍ട്ടിയില്‍ ചേരുകയായിരുന്നു.

ബിജെപി നേതൃത്വത്തെ പ്രശംസിച്ചുകൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത് എന്നാല്‍ ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നേരത്ത്െ അറിയിച്ചിരുന്നത്. ഗുജറാത്ത് ജനസംഖ്യയുടെ 13 ശതമാനമുള്ള പട്ടേല്‍ സമുദായം വിവിധ നിയമസഭാ മണ്ഡലങ്ങളിലെ നിര്‍ണായക ശക്തിയാണ്.