യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം; ശബരിമലയില്‍ സമാധാനം കൊണ്ടുവന്നുവെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട്  സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. അന്തിമവിധി വരുന്നതുവരെ കാത്തിരിക്കാമെന്ന സര്‍ക്കാര്‍  നിലപാട് ശബരിമലയില്‍ സമാധാനം കൊണ്ടുവന്നുവെന്നും രാം മാധവ് പറഞ്ഞു. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തം  ശബരിമല വിഷയത്തില്‍ പ്രതികരണം നടത്തിയത്.

അതേസമയം കഴിഞ്ഞ വര്‍ഷം യുവതിപ്രവേശനമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നും  അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന്ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഏഴംഗ ബെഞ്ചിന് ഭരണഘടനാബെഞ്ച് കൈമാറിയിരുന്നു. എന്നാല്‍ പഴയ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നില്ല. വിധിയില്‍  വ്യക്തത വരാത്തതിനാല്‍ തല്ക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്ന നിയമോപദേശമാണ് സര്‍ക്കാരിന് ലഭിച്ചത്. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും സുരക്ഷ നല്‍കാനാവില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു.