കര്‍ണാടകയിലെ പടക്ക ഗോഡൗണില്‍ തീപിടുത്തം; 12 പേര്‍ മരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി

കര്‍ണാടകത്തില്‍ പടക്ക ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ മരിച്ചു. കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ അത്തിബെല്ലയില്‍ വൈകിട്ട് 4.30ഓടെയായിരുന്നു അപകടം നടന്നത്.

കടയില്‍ ലോഡ് ഇറക്കുന്നതിനിടെ ഒരു പെട്ടിയിലുണ്ടായിരുന്ന പടക്കങ്ങള്‍ക്ക് തീ പിടിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന പടക്കങ്ങള്‍ തീപിടിത്തത്തില്‍ പൊട്ടിത്തെറിച്ചു. കടകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. എട്ടോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബംഗളൂരു റൂറല്‍ എസ്.പി മല്ലികാര്‍ജുന്‍ ബല്‍ദന്ദി പറഞ്ഞു. അപകടത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി.

കടയുടമയടക്കം നാല് പേര്‍ ഗുരുതര പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളൂരു നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ആനേക്കല്‍ താലൂക്കിലെ അത്തിബലെ. ഈ മേഖലയില്‍ നിരവധി പടക്ക കടകളും ഗോഡൗണുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദീപാവലി ആഘോഷക്കാലം മുന്നില്‍ക്കണ്ട് ലക്ഷങ്ങളുടെ വെടിമരുന്ന് ഉല്‍പന്നങ്ങളാണ് ഗോഡൗണില്‍ എത്തിച്ചിരുന്നത്. ഇത് മുഴുവനും കത്തിയമര്‍ന്നു. സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ ചരക്കുകള്‍ സ്പര്‍ശിച്ചതാണ്  അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.