രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി; 36 വർഷം സ്ത്രീയായി ജീവിക്കുന്ന പുരുഷൻ

രണ്ടാംഭാര്യയുടെ പ്രേതത്തെ പേടിച്ച് 36 വര്‍ഷമായി സാരിയുടുത്ത് സ്ത്രീയായി ജീവിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ കഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഉത്തർപ്രദേശിലെ ജൗണ്‍പൂർ സ്വദേശിയാണ് ഇത്തരത്തിൽ സ്ത്രീയായി ജീവിക്കുന്നത്. ന്യൂസ് 18 ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇയാളുടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മുമ്പ് ഒരു ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് പുരുഷനായി ജീവിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ജൗണ്‍പൂർ സ്വദേശി പറയുന്നത്. മൂന്ന് തവണ വിവാഹം കഴിച്ചയാളാണ് ഇയാള്‍. മരിച്ചുപോയ രണ്ടാം ഭാര്യയുടെ പ്രേതമാണ് തന്നെ ഉപദ്രവിക്കുന്നതെന്നാണ് ഇയാള്‍ പറയുന്നത്. ഇയാള്‍ക്ക് 9 മക്കളാണുള്ളത്. അതില്‍ ഏഴ് പേരും മരണപ്പെട്ടുവെന്നും ഇയാള്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സ്ത്രീയായി ജീവിക്കുകയാണ് ഇയാള്‍. പ്രേതങ്ങളെ പേടിച്ചാണ് ഈ ജീവിതരീതി പിന്തുടരുന്നതെന്നാണ് ഇയാള്‍ പറയുന്നത്. രണ്ടാം ഭാര്യയുടെ മരണശേഷം അവളെ സ്വപ്‌നം കണ്ടിരുന്നു. അവളുടെ പ്രേതം എന്നെ ഉപദ്രവിച്ചു. അതുകൊണ്ടാണ് സ്ത്രീയായി ജീവിക്കാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പറഞ്ഞു.

അതേസമയം, ഗ്രാമത്തിലെ നിരവധി പേരാണ് ഇയാളുടെ വിചിത്ര ജീവിതരീതിയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ചിലര്‍ പറയുന്നത്. ചിലര്‍ പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ അംഗീകരിക്കുന്നുമുണ്ട്. ഇതെല്ലാം അന്ധവിശ്വാസങ്ങളാണെന്നും ഇയാള്‍ക്ക് മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.