അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 2 വയസുകാരിയെ ടെറസിൽ കൊണ്ടുപോയി പീഡിപ്പിച്ച് അച്ഛൻ; വാട്ടർ‌ ടാങ്കിൽ ഉപേക്ഷിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച് അച്ഛന്റെ ക്രൂരത. കുടിവെള്ള ടാങ്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 30 കാരനായ അച്ഛനെ പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം.

വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ സംഭവം നടന്നത്. ഭർത്താവിനും തനിക്കും മകനും ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ അമ്മ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുടിവെള്ള ടാങ്കിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മകൾക്കു വേണ്ടിയുള്ള തെരച്ചിലിൽ ഭർത്താവും അമ്മയ്ക്കൊപ്പമുണ്ടായിരുന്നു.

കരൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ പൊലീസുകാർ ചോദ്യം ചെയ്തതോടെ അച്ഛൻ കുറ്റസമ്മതം നടത്തുകയായിരുന്നു. പീഡനത്തിനിടെ ബഹളം വച്ചതോടെയാണ് കുഞ്ഞിനെ കുടിവെള്ള ടാങ്കിൽ തള്ളിയതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.

Read more

45 മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളിൽക്കിടന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂർ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാൻഡ് ചെയ്തു. കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു രണ്ട് വയസുകാരിയുടെ മാതാപിതാക്കൾ. ദമ്പതികൾക്ക് 4 വയസുള്ള ഒരു മകൻ കൂടിയുണ്ട്.