‌’88 ആണ് അദ്ദേഹത്തിന്റെ പ്രായം, അത് പരിഗണിക്കൂ’; വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ എൻ.ഐ.എയോട് ഹൈക്കോടതി

Advertisement

ഭിമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ കവി വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ പ്രതികരണം അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് എൻ.ഐ.എയോട് ബോംബെ ഹൈക്കോടതി.

ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വരവര റാവു നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ജസ്റ്റിസുമായ എസ്.എസ് ഷിൻഡെ, മനീഷ് പിടാളെ എന്നിവരുടെ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.

”ഹർജിക്കാരന് 88 വയസുണ്ട്. അദ്ദേഹത്തിന്റെ പ്രായം മാനിക്കൂ, ആരോഗ്യസ്ഥിതി നോക്കൂ. പ്രതികരണം അറിയിക്കുമ്പോൾ ഇതൊക്കെ മനസ്സിൽ വെയ്ക്കണം. നമ്മളൊക്കെ മനുഷ്യരല്ലേ.”- എന്നാണ് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടിയത്.

കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ മാസം വരവര റാവുവിനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റാവുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ കോടതിക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. ഭിമ കൊറെഗാവ് കേസിൽ 2018 ജൂണിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്യുന്നത്.