ഏഴു ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നു, സാമ്പത്തികരംഗത്ത് വെല്ലുവിളി, ഇന്ധന വില കുറയാൻ സാധ്യത; സാമ്പത്തിക സർവേ ഇങ്ങനെ പറയുന്നു

2018-19ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി നിർമല സീതാരാമൻ പാർലിമെന്റിൽ അവതരിപ്പിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്.

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 2018 -19 സാമ്പത്തിക വര്‍ഷം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയത്. വരുന്ന സാമ്പത്തിക വര്‍ഷം സമ്പദ്‍വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ 2018 -19 ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

നാളെ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായിട്ടാണ് ഇന്ന് സാമ്പത്തിക സര്‍വേ റിപ്പോർട്ട് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വച്ചത്. ധനകമ്മി 2019ൽ 5.8 ശതമാനമായി കുറയുമെന്ന് സർവേ കണക്കാക്കുന്നു. 2018-ൽ ഇത് 6.4 ശതമാനമായിരുന്നു. സ്വകാര്യ നിക്ഷേപം കൂട്ടുന്നതിന് സാധ്യത റിപ്പോർട്ട് കാണുന്നു. ഇത് വഴി തൊഴിലവസരങ്ങൾ കൂട്ടാൻ കഴിയും. നടപ്പ് വർഷത്തിൽ ഇന്ധന വില കുറയുമെന്നും സാമ്പത്തിക സർവേ റിപ്പോർട്ട് പ്രതീക്ഷ പുലർത്തുന്നു. സാമ്പത്തിക വളർച്ചയിലെ മുരടിപ്പ്, ജി എസ് ടി തുടങ്ങിയ പ്രശ്നങ്ങൾ സമ്പദ്‌വ്യവസ്ഥക്ക് തിരിച്ചടിയാകാൻ സാധ്യതയെന്നും വിലയിരുത്തൽ. വാണിജ്യ രംഗത്തെ തിരിച്ചടികൾ കയറ്റുമതിയെ ബാധിക്കുമെന്ന ആശങ്ക സർവേ പുലർത്തുന്നു. അടുത്ത രണ്ടു ദശകങ്ങളിൽ ജനസംഖ്യ വർദ്ധനയിൽ പ്രകടമായ കുറവുണ്ടാകും.