ക്രിസ്മസ് മാത്രമല്ല, പുതുവര്‍ഷവും ആഘോഷിക്കരുത് ;ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ഹിന്ദുസംഘടന

അലിഗഡിലെ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന ഹിന്ദുസംഘടനകളുടെ നിര്‍ദ്ദേശത്തിനു പിന്നാലെ പുതുവത്സരവും ആഘോഷിക്കരുതെന്ന് നിര്‍ദ്ദേശം .ആന്ധ്രയിലെ ക്ഷേത്രങ്ങള്‍ക്കാണ് ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെ പാരമ്പര്യത്തില്‍പെട്ട ഒന്നല്ല പുതുവര്‍ഷ ആഘോഷം,അതിനാല്‍ അവ ആഘോഷിക്കേണ്ടതില്ലെന്ന് സംഘടന പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ആന്ധ്രയില്‍ പുതുവര്‍ഷമായി കണക്കാക്കുന്നത് ‘ഉഗഡി’ യാണ്.അത് ക്ഷേത്രങ്ങള്‍ക്ക് ആഘോഷിക്കാം.എന്നാല്‍ ഇത്തരത്തിലുള്ള പാശ്ചാത്യആഘോഷങ്ങള്‍ കൊണ്ടാടേണ്ടതില്ലന്ന് ഇവര്‍ പറയുന്നു. കൂടാതെ പുതുവര്‍ഷത്തില്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കുന്നതിനെയും രാത്രികാലങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുന്നതിനെയും സര്‍ക്കുലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ജനുവരി ഒന്നിന് ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്നതും മധുരം വിതരണം ചെയ്യുന്നതും കര്‍ശനമായി നിയന്ത്രണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റിന്റെ സര്‍ക്കുലറിന് സാമൂഹികമാധ്യമങ്ങളില്‍ അനൂകൂലമായി ഒട്ടേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ പുനരുദ്ധന ട്രസ്റ്റ് ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഭരണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആഘോഷങ്ങള്‍ നടത്തരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്രിസ്മസ് ആഘോഷിക്കുന്നതുവഴി മതപരിവര്‍ത്തനമാണ് നടത്തുന്നതെന്ന് ആരോപിച്ച് അലിഗഡിലെ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പിന്‍തുടര്‍ന്നാണ് ഇപ്പോള്‍ ഹിന്ദു ധര്‍മ പരിരക്ഷണ ട്രസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്.