ആരു പറയുന്ന കണക്കാണ് ശരിയെന്ന് മോദി വ്യക്തമാക്കണം, മിണ്ടാതിരുന്നിട്ട് കാര്യമില്ല; വ്യോമാക്രമണത്തിലെ മരണസംഖ്യയെ ചോദ്യം ചെയ്ത് ദ്വിഗ് വിജയ് സിങ്ങ്

ബാലാകോട്ട് വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ സര്‍ക്കാരിനെ വിടാതെ കോണ്‍ഗ്രസ്. ബിജെപി നേതാക്കള്‍ പറയുന്ന കണക്കിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് രംഗത്തെത്തി. ആക്രമണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ ജനങ്ങളും ഉയര്‍ത്തുന്ന സംശയങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞേ മതിയാകു എന്ന് ദിഗ്വിജയ് സിങ്ങ് ആവശ്യപ്പെട്ടു.

ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അമിത് ഷാ പറയുന്ന കണക്കാണോ യോഗി ആദിത്യനാഥ് പറയുന്ന കണക്കാണോ അതോ എസ്.എസ് അലുവാലിയ പറയുന്ന കണക്കാണോ ശരിയെന്ന് മോദി തന്നെ വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി ജീ, നിങ്ങളുടെ ചില മന്ത്രിമാര്‍ പറയുന്നത് ബാലാകോട്ട് 300 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ്. ബി.ജെ.പി അധ്യക്ഷന്‍ പറയുന്നു 250 പേരാണ് കൊല്ലപ്പെട്ടതെന്ന്. എന്നാല്‍ യോഗി ആദിത്യനാഥ് പറയുന്നത് 400 പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. എന്നാല്‍ ഒരാള്‍ പോലും മരിച്ചിട്ടില്ലെന്നാണ് നിങ്ങളുടെ തന്നെ കേന്ദ്രമന്ത്രി എസ്.എസ് അലുവാലിയ പറയുന്നത്. നിങ്ങളാണെങ്കില്‍ മൗനം തുടരുന്നു. ഇവിടെ കള്ളം പറയുന്നത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്- ദിഗ്വിജയ് സിങ്ങ് ട്വീറ്റ് ചെയ്തു.

Read more

ഇന്ത്യന്‍ സുരക്ഷാസേനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്. അവരെയോര്‍ത്ത് അഭിമാനമാണ്. എന്നാല്‍ ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ചില വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ സംശയം ഉയര്‍ത്തി. വ്യോമസേന നടത്തിയ ആക്രമണത്തെ വിജയമാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് നമ്മുടെ സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.