'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്‌രിവാൾ പുറത്തേക്ക്

ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനായി. ജയിലിന് പുറത്ത് വൻ സ്വീകരണമാണ് എഎപി പ്രവർത്തകർ കെജ്‌രിവാളിന് വേണ്ടി ഒരുക്കിയത്. പുറത്തിറങ്ങി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണമെന്നും, ഭാവിയിൽ രാജ്യ സഭയിലേക്കോ, ലോക് സഭയിലേക്കോ അവസരം കിട്ടിയാൽ മത്സരിക്കുമെന്നും ജയിലിൽ നിന്നും പുറത്തിറങ്ങി പ്രവർത്തകരോട് അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാൾ പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ച സംഭവം ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്രിവാള്‍. ഇരുപത് ദിവസത്തേക്കാണ് കടുത്ത ഉപാധികളോടെ സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നിലവില്‍ ജൂണ്‍ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. രണ്ടാം തീയതി തീഹാര്‍ ജയിലില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവ്.

മാര്‍ച്ച് 21ന് ആണ് ഡല്‍ഹി മുഖ്യമന്ത്രി അറസ്റ്റിലായത്. 51ാം ദിവസമാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡല്‍ഹി സെക്രട്ടേറിയറ്റിലോ പ്രവേശിക്കരുത്. കേസിലെ സാക്ഷികളുമായി ഒരു തരത്തിലും ബന്ധപ്പെടരുത്. പുറത്തിറങ്ങിയാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്റെ പങ്ക് സംബന്ധിച്ച് പ്രതികരണം നടത്തരുത്.

ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പ് വയ്ക്കരുത് എന്നിവയാണ് പ്രധാന ഉപാധികള്‍. ഇതിന് പുറമേ ജയില്‍ മോചിതനാകുമ്പോള്‍ കെജ്രിവാള്‍ 50,000 രൂപയും ഒരു ആള്‍ ജാമ്യവും നല്‍കണം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി കെജ്രിവാളിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും സമൂഹത്തിന് ഭീഷണിയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

Read more