ദളിത് യുവാവിനെ വിവാഹം ചെയ്തതില്‍ ഭീഷണിപ്പെടുത്തിയതല്ല, ഒരച്ഛനെന്ന നിലയില്‍ വരന്റെ പ്രായവും വരുമാനവുമാണ് ആശങ്കയുണ്ടാക്കിയതെന്ന് ബി.ജെ.പി, എം.എല്‍.എ

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് മകളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മറുപടിയുമായി ബി.ജെ.പി, എം.എല്‍.എ രാജേഷ് മിശ്ര.
താന്‍ വിവാഹത്തിന് എതിരല്ല. പക്ഷേ, വിവാഹം കഴിച്ചയാളുടെ പ്രായവും വരുമാനവുമാണ് തനിക്ക് പ്രശ്‌നമായത്. അത് ഒരു പിതാവെന്ന നിലയില്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും രാജേഷ് മിശ്ര പറഞ്ഞു.

വിവാഹം കഴിച്ച യുവാവിന് മകളേക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് എന്റെ ആശങ്ക. വരുമാനമാണെങ്കില്‍ ആ കുട്ടിക്ക് വളരെ കുറവാണു താനും. അവര്‍ വീട്ടിലേക്ക് വരണമെന്നാണ് ആഗ്രഹം. മകളെ ദ്രോഹിക്കുന്ന കാര്യം ചിന്തിച്ചിട്ടു പോലുമില്ല. വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. കുടുംബത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെ വിവാഹം ചെയ്തതു കൊണ്ട് തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കുമെന്ന് പിതാവിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതായാണ് സാക്ഷി വീഡിയോയില്‍ പറയുന്നത്. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബി.ജെ.പി, എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു. വീഡിയോ വൈറലായതിന് ശേഷം പ്രതികരണം ആരാഞ്ഞപ്പോള്‍ മറുപടി പറയാതെ ആദ്യം ഒഴിഞ്ഞു മാറുകയായിരുന്നു രാജേഷ് മിശ്ര. പ്രതികരിക്കാത്തത് ദേശീയ മാധ്യമങ്ങളുള്‍പ്പെടെ പലരും വാര്‍ത്തയാക്കിയതിന് ശേഷമാണ് ഇപ്പോഴുള്ള വിശദീകരണം.