മുസ്ലിങ്ങള്‍ക്ക് എതിരെ നിഷ്ഠൂര പരാമര്‍ശം; മോഹന്‍ ഭാഗവത് ഭരണഘടനയെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്നു; ആഞ്ഞടിച്ച് സി.പി.എം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നടത്തിയ നിഷ്ഠൂര പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയോടും എല്ലാ പൗരന്മാരുടെയും തുല്യാവകാശങ്ങളോടും നിയമവാഴ്ചയോടും ഉള്ള തുറന്ന വെല്ലുവിളിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ.

രാജ്യത്ത് സുരക്ഷിതരായി കഴിയണമെങ്കില്‍ മുസ്ലിങ്ങള്‍ അവരുടെ മേല്‍ക്കോയ്മ മനോഭാവം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തുകയാണ് പിബി ആരോപിച്ചു. ഹിന്ദുക്കള്‍ ‘യുദ്ധത്തിലാണെന്ന് പറയുന്ന അദ്ദേഹം ചരിത്രപരമായ തെറ്റുകള്‍ തിരുത്താനെന്ന പേരില്‍ ഹിന്ദു സമൂഹത്തിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുന്നു. ഫലത്തില്‍ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു വിഭാഗം പൗരന്മാര്‍ക്കെതിരായി ആക്രമണത്തിന് ആഹ്വാനം ചെയ്യുകയാണ് ആര്‍എസ്എസ് തലവന്‍.

സത്യത്തില്‍ ഹിന്ദു സമൂഹം അല്ല, ആര്‍എസ്എസ് ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും ഭഗവതിനെപ്പോലുള്ള നേതാക്കളുടെ പിന്‍ബലത്താലും ഹിന്ദുത്വ സംഘങ്ങളാണ് ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി അവരില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നത്.
കീഴ്പ്പെട്ടവരെന്ന് അംഗീകരിച്ചാല്‍ മാത്രമേ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയൂ എന്ന് ആര്‍എസ്എസ് ആദ്യകാല നേതാക്കളായ ഹെഗ്ഡെവാറും ഗോള്‍വര്‍ക്കറും നടത്തിയ വര്‍ഗീയ വിദ്വേഷ രചനകളുടെ പുതുക്കല്‍ മാത്രമാണ് ഭഗവതിന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം വ്യക്തമാക്കി.