24 മണിക്കൂറിനിടെ 94,372 പേർക്ക് രോഗബാധ; 47 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് ബാധിതര്‍

ഇന്ത്യയില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,114 പേര്‍ മരിക്കുകയും ചെയ്തു.

47.54 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍. ഇതില്‍ 9.73 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.02 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 78,586 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്‌. ആകെ രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഒന്നാമതാണ് ഇന്ത്യ.

മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗംസ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെയുണ്ടാകുന്ന റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.