ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ലോകത്ത് ഒമ്പതാം സ്ഥാനം, മരണസംഖ്യ ചൈനയേയും പിന്തള്ളി

ലോകത്ത് കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോൾ മരണസംഖ്യയിൽ ചൈനയെ പിന്തള്ളി.

1,65,386 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ 84,106 പേര്‍ക്കാണ് രോഗം ബാധിച്ചത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്. വ്യാഴാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 4711 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്.

രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ അമേരിക്ക തന്നെയാണ്. 17 ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. യുഎസ്, ബ്രസീല്‍,റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. വ്യാഴാഴ്ചയും യുഎസിലും ബ്രസീലിലും ആയിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു.

5,803,416 പേര്‍ക്കാണ് ഇതുവരെ ലോകത്തെമ്പാടുമായി കൊറോണ മഹാമാരി ബാധിച്ചിട്ടുള്ളത്. 359,791 പേര്‍ മരിക്കുകയും ചെയ്തു. യുഎസില്‍ മാത്രം 101,573 പേര്‍ മരിച്ചിട്ടുണ്ട്.