കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ മെയ് 13 മുതല്‍ 15 വരെ രാജസ്ഥാനില്‍

കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ അടുത്തമാസം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കും. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ പരിപാടികളെ കുറിച്ചും സംഘടനാ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി അധ്യക്ഷ സോണിയഗാന്ധിയുടെ നേതൃത്വത്തിലാണ് ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 13,14,15 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് പരിപാടി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് താരുമാനം.

ഉദയ്പൂരില്‍ ചേരുന്ന ചിന്തന്‍ ശിബിറിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിപാടിയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ക്രോഡീകരിക്കാനായി വിവിധ സമിതികള്‍ക്ക് രൂപം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പാര്‍ട്ടി ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ എന്നിങ്ങനെ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

സംഘടനാ പ്രശ്‌നങ്ങള്‍ക്കും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും പുറമെ കര്‍ഷകരുടെ പ്രശ്‌നങ്ങളും, യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മയും പരിപാടിയില്‍ ചര്‍ച്ചയാകും. അതേ സമയം 2024ലെ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി ഒരു എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു. പ്രശാന്ത് കിഷോര്‍ പദ്ധതിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഉന്നതതല യോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് നടന്ന യോഗത്തില്‍ എ.കെ.ആന്റണി, പി.ചിദംബരം, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തിട്ടില്ല.