വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് തുടക്കത്തിലേ കല്ലുകടി; പേരിനെച്ചൊല്ലി പരാതി

നടൻ വിജയ്‌യുടെ പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നൽകിയതിനെതിരെ പരാതി. തമിഴക വെട്രി കഴകം എന്ന പേര് നൽകരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ ആവശ്യപ്പെട്ടു. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടിവികെ എന്നാണെന്നും അത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നുമാണ് വേൽമുരുകന്റെ പരാതി.

അതേസമയം ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേൽമുരുകൻ പറഞ്ഞു. 2012ലാണ് തമിഴക വാഴ്‌വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തിൽ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ടിവികെ എന്നാണ് ചുരുക്കപ്പേര്.

വിജയ്‌യുടെ പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മീഷൻ അംഗീകാരം നൽകുമ്പോൾ പേര് പ്രശ്‌നമാകുമെന്നും ഈ വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേൽമുരുകൻ പറഞ്ഞു. ഫെബ്രുവരി 2 നാണ്‌ നടൻ വിജയ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയാണ് ലക്ഷ്യമെന്ന് വിജയ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.