കെമിക്കൽ ഫാക്ടറി സ്‌ഫോടനത്തിൽ മരണ സംഖ്യ 22 ആയി

മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. അപകടത്തില്‍ 50  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നൂറോളം പേർ ഫാക്ടറിക്കകത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ രക്ഷാ പ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ഷിർപൂരിലെ വഗാഡി ഗ്രാമത്തിലുളള ഫാക്ടറിയിൽ രാവിലെ പത്തു മണിയോടെയാണ് അപകടം നടന്നത്. പൊട്ടിത്തെറിച്ച ബോയിലറിന്റെ അടുത്ത് കൂടുതൽ പേർ ജോലിക്കുണ്ടായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. തൊഴിലാളികളുടെ കുടുംബങ്ങൾ ഫാക്ടറിക്ക് ചുറ്റുമുള്ള വീടുകളിലാണ് താമസിക്കുന്നത്. ഇവരിൽ കുട്ടികൾക്ക് ഉൾപ്പടെ പരിക്കേറ്റിട്ടുണ്ട്.

ഫാക്ടറിക്ക് അടുത്ത് ആശുപത്രിയില്ലാത്തത് രക്ഷാപ്രവ‍ർത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിഷപുക ഉയരുന്നതിനാൽ സമീപത്തെ ആറു ഗ്രാമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്ര ഇൻഡസ്ട്രിയിൽ ഡെവലപ്പ്മെൻറ് കോർപ്പറേഷന്റെ ഫാക്ടറിയിൽ കീടനാശിനി ഉൽപ്പാദനമാണ് നടന്നിരുന്നത്.ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അത്യുഗ്ര ശബ്ദത്തോടെയായിരുന്നു സ്ഫോടനം. സമീപ ഗ്രാമങ്ങളിൽ പോലും ഇത് മൂലം കുലുക്കം അനുഭവപെട്ടു. മുംബയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഫാക്ടറി.