ചന്ദ്രയാന്‍- 2ന്റെ വിക്ഷേപണം ഉടനെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്, രണ്ടു ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഉടനെയുണ്ടാകും. 20-നും 23-നും ഇടയില്‍ വിക്ഷേപിക്കാനാണ് തീരുമാനം. ഈ ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും അനുയോജ്യസമയമായ 21-ന് ഉച്ചയ്ക്കു ശേഷമോ 22-ന് പുലര്‍ച്ചെയോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം ഒദ്യോഗികപ്രഖ്യാപനമുണ്ടാകും. 23-നു ശേഷമാണ് വിക്ഷേപണമെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലം വെയ്ക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷത്തില്‍ നിന്ന് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് 15-ന് പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെ തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്.