സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഞായറാഴ്ച വരെ മഴ തുടര്‍ന്നേക്കും.

താപനില കൂടിയതോടെ അന്തരീക്ഷത്തിലുണ്ടായ മാറ്റങ്ങള്‍ മൂലം കൂടുതല്‍ ഈര്‍പ്പം കലര്‍ന്ന മേഘങ്ങള്‍ കരയിലേക്ക് എത്തുന്നതാണ് മഴ കനക്കാന്‍ കാരണം. ഇടുക്കി മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമായി. ചക്രവാതചുഴി ഏഴാം തിയതിയോടെ ന്യൂന മര്‍ദ്ദമായി മാറിയേക്കും. അതേസമയം കേരളാ തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.

മഴയോടൊപ്പം 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല.