വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ഫോട്ടോ "ബോധവത്കരണ സന്ദേശം": പ്രതിരോധിച്ച്‌ കേന്ദ്രം

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോയും അദ്ദേഹത്തിന്റെ പ്രസ്താവനയും വാക്‌സിൻ കുത്തിവെയ്പ്പിനു ശേഷവും കോവിഡ് ഉചിത പെരുമാറ്റം പിന്തുടരാനുള്ള സന്ദേശത്തെ ശക്തിപ്പെടുത്തുന്നതിനാണെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച രാജ്യസഭയിൽ പറഞ്ഞു.

ഈ വർഷം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നേ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ മോദിയുടെ ഫോട്ടോക്കെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഈ വിമർശനം തുടരുന്നതിനിടെയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാറിന്റെ രേഖാമൂലമുള്ള പ്രതികരണം.

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ തന്ത്രമാണെന്നും ഇത് ഒരു രാഷ്ട്രീയ നീക്കം മാത്രമാണെന്നുമായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.

വാക്സിനുകൾ സംഭരിക്കുന്നതിന്റെ ചുമതല സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന സമയത്ത്, സംസ്ഥാനങ്ങളുടെ പരിശ്രമങ്ങൾക്ക് കേന്ദ്രം ക്രെഡിറ്റ് എടുക്കുകയാണെന്നും ചില നേതാക്കൾ ആരോപിച്ചിരുന്നു.

പിന്നീട് സ്വകാര്യ ആശുപത്രികൾ ഒഴികെ രാജ്യത്തുടനീളമുള്ള പ്രതിരോധ വാക്സിനുകളുടെ വിതരണം കേന്ദ്രം ഏറ്റെടുത്തിരുന്നു. എന്നാൽ, കുത്തിവയ്പ്പ് നൽകുന്നതിനുള്ള ചുമതല ഇപ്പോഴും സംസ്ഥാനങ്ങൾക്കാണ്.

കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ അച്ചടിക്കേണ്ടത്തിന്റെ ആവശ്യം എന്താണ് എന്നാണ് ഇന്ന് ആരോഗ്യ മന്ത്രാലയത്തോട് പ്രതിപക്ഷം ചോദിച്ചത്.

“കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ കോവിഡ് അനുയോജ്യമായ പെരുമാറ്റങ്ങൾ പിന്തുടരുന്നത് രോഗം പടരുന്നത് തടയുന്നതിനുള്ള ഏറ്റവും നിർണായകമായ നടപടികളിലൊന്നായി ഉയർന്നുവന്നിട്ടുണ്ട്. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലെ പ്രധാനമന്ത്രിയുടെ ഫോട്ടോക്കൊപ്പമുള്ള സന്ദേശം, വാക്സിനേഷന് ശേഷവും കോവിഡ് ഉചിത പെരുമാറ്റം പിന്തുടരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള സന്ദേശം ശക്തിപ്പെടുത്തുന്നു,” ഭാരതി പ്രവീൺ പവാറിന്റെ രേഖാമൂലമുള്ള പ്രതികരണത്തിൽ പറയുന്നു.

ഇത്തരം നിർണായക സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ഫലപ്രദമായി നിലനിർത്തുകയും ചെയ്യേണ്ടത് സർക്കാരിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

Read more

കോവിൻ ആപ്പിൽ നിന്നുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റ് നിലവാരമുള്ളതാണെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണെന്നും സർക്കാരിന്റെ പ്രതികരണത്തിൽ കൂട്ടിച്ചേർത്തു.