സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ പരസ്യപ്പെടുത്തിയില്ല; സി.പി.എമ്മിനും, എൻ.സി.പിക്കും അഞ്ച് ലക്ഷം പിഴ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകൾ സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്താത്തതിന് സിപിഎമ്മിനും, എൻസിപിക്കും അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച്‌ സുപ്രീംകോടതി.

ബിജെപി, കോൺഗ്രസ്, സിപിഐ, ജെഡി യു, എൽ ജെ പി എന്നി പാർട്ടികൾക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എട്ട് ആഴ്ചയ്ക്ക് ഉള്ളിൽ പിഴ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൌണ്ടിൽ പാർട്ടികൾ നിക്ഷേപിക്കണം എന്നും സുപ്രീംകോടതി നിർദേശിച്ചു.

ഭാവിയിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ രേഖകൾ പ്രഖ്യാപിക്കുന്നതിലും വെബ്സൈറ്റുകളിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിലും പാർട്ടികൾ ജാഗ്രത പാലിക്കണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വോട്ടർമാർക്ക് ഈ വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന തരത്തിൽ ഒരു മൊബൈൽ ആപ്പ് സൃഷ്ടിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്ത് 48 മണിക്കൂറിനുള്ളിൽ ഇവരുടെ ക്രിമിനൽ കേസുകളുടെ രേഖകൾ പാർട്ടികൾ പരസ്യപ്പെടുത്തണം എന്നും സുപ്രീംകോടതി പറഞ്ഞു.