മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന്; 11 മണിക്ക് സത്യപ്രതിജ്ഞ

നീണ്ടു നിന്ന അനിശ്ചിതങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി 40 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മന്ത്രിസഭാ വിപുലീകരണം നടക്കുന്നത്. ബിജെപിയില്‍ നിന്നും ശിവസേന വിമത പക്ഷത്തു നിന്നുമായി പതിനഞ്ചോളം മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുംഗന്തിവാര്‍, ചന്ദ്രകാന്ത് പാട്ടീല്‍, ഗിരീഷ് മഹാജന്‍ എന്നിവര്‍ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ വിഖേ പാട്ടീല്‍, സുരേഷ് ഖാഡെ, അതുല്‍ മൊറേശ്വര്‍ സേവ്, മംഗള്‍ പ്രഭാത് ലോധ, വിജയ്കുമാര്‍ ഗാവിത്, രവീന്ദ്ര ചവാന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കള്‍. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകള്‍ നല്‍കുമെന്നാണ് സൂചന. ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തി 40 ദിവസം പൂര്‍ത്തിയായിട്ടും 2 അംഗ മന്ത്രിസഭാ തുടരുന്നതില്‍ പ്രതിപക്ഷം ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഘട്ടം ഘട്ടമായി മന്ത്രി സഭാ വികസനം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി ബി.ജെ.പി നേതാക്കള്‍ ഇന്നലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയില്‍ നിര്‍ണായക യോഗം ചേര്‍ന്നിരുന്നു.