ഭക്ഷണത്തില്‍ നിന്ന് ബട്ടണ്‍ ; ജെറ്റ് എയര്‍വേസിന് അരലക്ഷം രൂപ പിഴ

വിമാനയാത്രയ്ക്കിടെ ഭക്ഷണത്തില്‍നിന്ന് ബട്ടന്‍ കണ്ടെത്തിയ സംഭവത്തില്‍ ജെറ്റ് എയര്‍വെയ്‌സിന് അരലക്ഷം രൂപ പിഴ. അഹമ്മദാബാദ് ഉപഭോക്തൃകോടതിയാണ് പിഴ വിധിച്ചത്. യാത്രക്കാരനായ ഹേമന്ദ് ദേശായി നല്‍കിയ പരാതിയിലാണ് കോടതി നടപടി.

2014 ആഗസ്റ്റ് ആറിനാണ് യാത്രക്കാരനായ ഹേമന്ദ് ദേശായിക്ക് ഭക്ഷണത്തില്‍ നിന്ന് ബട്ടണ്‍ ലഭിച്ചത്.ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്നു ഹേമന്ദ്. എയര്‍വേയ്‌സ് ഒരുക്കിയ ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ഗാര്‍ലിക് ബ്രഡില്‍ നിന്നുമാണ് ബട്ടണ്‍ ലഭിച്ചത്. അപ്പോള്‍ത്തന്നെ ക്രൂവിനെ വിവരമറിയിച്ചു.സംഭവം ഒത്തുതീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ഹേമന്ദ് തയാറായില്ല

Read more

മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹേമന്ദ് ഉപഭോക്തൃ കോടതിയില്‍ കേസ് കൊടുത്തു. വിമാനത്തില്‍ സഹയാത്രികയും എംപിയുമായ പരിമള്‍ നത്‌വാനിയുടെ സത്യവാങ്മൂലവും ദേശായി തന്റെ പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.വിമാനക്കമ്പനിയുടെ സര്‍വീസിനെ കുറ്റപ്പെടുത്തിയ കോടതി, ഹേമന്ദിന് 50,000 രൂപ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. കേസ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള ചെലവിലേക്ക് 5000 രൂപ കൂടി ജെറ്റ് എയര്‍വെയ്‌സ് കമ്പനി നല്‍കണമെന്നും കോടതി വിധിച്ചു.