'സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു', ബി.ജെ.പിയുടെ മല്ലന് എതിരെ താരങ്ങള്‍; ബ്രിജ് ഭൂഷണ് എതിരെ ഇന്ന് ഖാപ് മഹാപഞ്ചായത്ത്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി. എം.പിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ കടുത്ത ആരോപണങ്ങളുമായി ഗുസ്തിതാരങ്ങള്‍. തങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ ബ്രിജ് ഭൂഷന്‍ സ്പര്‍ശിച്ചുവെന്ന് താരങ്ങള്‍ മൊഴി നല്‍കി.

രണ്ടു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷനെതിരേ മൊഴി നല്‍കിയത്. ഗുസ്തി ഫെഡറേഷന്‍ ഡല്‍ഹിയിലെ ഓഫീസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി എട്ട് തവണ ലൈംഗികാതിക്രമം ഉണ്ടായതായാണ് മൊഴി. ബ്രിജ് ഭൂഷനെതിരേ രംഗത്തുള്ള ഏഴ് താരങ്ങളില്‍ രണ്ട് പേരുടെ മൊഴിയിലാണ് ഇക്കാര്യമുള്ളത്. ശ്വാസം പരിശോധിക്കാനെന്നുള്ള വ്യാജേനയാണ് അയാള്‍ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചത്. വിവിധ ടൂര്‍ണമെന്റുകള്‍ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങള്‍ നല്‍കിയ മൊഴിയിലുണ്ട്.

മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസിന് ബ്രിജ് ഭൂഷനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. . ബ്രിജ് ഭൂഷനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സമരക്കാര്‍ പറയുന്നു.

പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഗുസ്തിതാരങ്ങളുടെ നേതൃത്വത്തില്‍ ഖാപ് മഹാപഞ്ചായത്തും മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധവും ഇന്നു നടക്കും. വൈകിട്ട് ഏഴിന് നടക്കുന്ന മെഴുകുതിരി പ്രതിഷേധത്തില്‍ കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ പങ്കാളിയാകും. കൂടുതല്‍ പേരുടെ പിന്തുണ തേടിയാണ് നാട്ടുകൂട്ടം മാതൃകയില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തുന്നത്. ഇന്നലെ ഡല്‍ഹിബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയിലും താരങ്ങള്‍ക്ക് അനുകൂലമായി പ്രതിഷേധ മുദ്രവാക്യങ്ങളുയര്‍ന്നു.

ജന്തര്‍ മന്തറില്‍ താരങ്ങളുടെ സമരം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ രണ്ടു പ്രത്യേക സമിതികള്‍ക്കു താരങ്ങള്‍ രൂപം നല്‍കി. ഒരു സമിതിയില്‍ 32 പേരും മറ്റൊന്നില്‍ 9 പേരുമാണ്. ഇവരുടെ തീരുമാനപ്രകാരമായിരിക്കും തുടര്‍ നടപടികളെന്നു ഗുസ്തി താരം ബജ്‌രംഗ് പുനിയ വ്യക്തമാക്കി.

ബ്രിജ്ഭൂഷനെതിരായ കേസില്‍ ഇതുവരെ ഡല്‍ഹി പൊലീസ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നു സാക്ഷി മാലിക് പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചര്‍ച്ചയ്ക്കു തയാറാകുമെന്നും അവര്‍ അറിയിച്ചു.