'സർക്കാർ പരാജയപെട്ടു'; മണിപ്പൂർ കലാപത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന നേതാക്കൾ, ദേശീയ അധ്യക്ഷന് കത്തയച്ചു

മണിപ്പൂർ കലാപത്തിന് അന്ത്യം കാണാത്തതിൽ സ്വന്തം സർക്കാരിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഘടകം. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വർധിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്ക് സംസ്ഥാന നേതാക്കൾ കത്തയച്ചു.

ബിജെപി മണിപ്പുർ അധ്യക്ഷ എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നൽകിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യർഥന. അഭയാർഥികൾക്ക് പുനരധിവാസം ഉടൻ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങൾ അവസാനിപ്പിക്കണമെന്നും കത്തിൽ പറയുന്നു. പ്രശ്നക്കാരെ അറസ്റ്റുചെയ്യണം. ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തിൽ സംസ്ഥാന നേതാക്കൾ ആവശ്യപ്പെടുന്നു.

അതേസമയം മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിജെപി മന്ത്രി സുസീന്ദ്രോയുടെ വീടിന് മുന്നിൽ ഇന്നലെ അ‌ർധരാത്രി സംഘർഷമുണ്ടായി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയവരെ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്ക് പറ്റി.