ഭരണവിരുദ്ധ വികാരം ഉണ്ട്, കഴിഞ്ഞ പ്രാവശ്യത്തെ പോലെ നേട്ടം ഉണ്ടാക്കാനാവില്ല, അധികാരത്തില്‍ തുടരണമെങ്കില്‍ ഘടക കക്ഷി സഹായം വേണ്ടി വരും; തുറന്നു സമ്മതിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് തുറന്നു സമ്മതിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. സഖ്യകക്ഷിയുടെ സഹായത്തോടെയാകും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇതുവരെയുള്ള അവകാശവാദം.

അമിത് ഷായും അരുണ്‍ ജെയ്റ്റിലിയും നടത്തിയിരുന്ന അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണ് രാം മാധവിന്റെ പരാമര്‍ശം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇവിടങ്ങളിലുണ്ടാകുന്ന നഷ്ടം പശ്ചിമ ബംഗാള്‍, ഒഡീഷ, മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് പിടിച്ച് മറികടക്കുമെന്നും രാം മാധവ് പറഞ്ഞു. 11 സീറ്റാണ് ഇവിടങ്ങളിലായി 2014ല്‍ ബി.ജെ.പിക്ക് ലഭിച്ചത്. ഇത്തവണ അത് 19 മുതല്‍ 21 സീറ്റു വരെയാക്കി വര്‍ധിപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എങ്കിലും കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിക്കില്ല. മാജിക് നമ്പര്‍ ലഭിച്ചാല്‍ പാര്‍ട്ടി സന്തുഷ്ടമാകുമെന്നും സഖ്യ കക്ഷികളുടെ സഹായത്തോടെ ഇത്തവണ എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.