ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളമുൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ബിജെപി പുനഃ സംഘടനക്ക്

കേരളമുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പുനഃസംഘടനയ്ക്ക് തയ്യാറെടുക്കുന്നു. ഫെബ്രുവരിയിൽ പുതിയ സംസ്ഥാന അധ്യക്ഷന്മാരെയും ദേശീയ ഭാരവാഹികളെയും പ്രഖ്യാപിക്കാനായി നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെ വീണ്ടും സംസ്ഥാന അധ്യക്ഷ പദവിയിൽ പരിഗണിക്കുന്നതിൽ ആർഎസ്എസ് ഘടകം യോജിപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, പി.എസ്. ശ്രീധരൻപിള്ള എന്നിവരും സംസ്ഥാന അധ്യക്ഷ പദവിയിൽ പരിഗണിക്കപ്പെടാനും സൂചനയുണ്ട്.

കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചിട്ടുണ്ട്. അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം സംസ്ഥാന ബിജെപിയിൽ കാര്യമായ ആവേശം ഉയർത്തിയിട്ടില്ലെന്ന അഭിപ്രായമാണ് പ്രധാന നേതാക്കൾക്ക് ഉള്ളത്.

Read more

കേരളത്തിൽ ബിജെപിയുടെ വളർച്ച 15ൽ നിന്ന് ഒൻപത് ശതമാനത്തിലേക്കു താഴുന്നതായി ഒരു ദേശീയ ചാനലിന്റെ സർവേ ഫലം ഗൗരവമായാണ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. മറ്റു പാർട്ടികളിൽ നിന്ന് മുതിർന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നതായാണ് ബിജെപി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.