കോൺ​ഗ്രസ് സർക്കാരിനെ ബി.ജെ.പി അട്ടിമറിക്കുമ്പോൾ സച്ചിൻ പൈലറ്റ് എലിയെ പോലെ ഓടരുത്; വിമർശനവുമായി ശിവസേന

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോൺ​ഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന രം​ഗത്ത്. കോവിഡ് വൈറസ് രോ​ഗബാധ ഉയർത്തുന്ന പ്രതിസന്ധിക്കിടെ എതിരാളികൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ അട്ടിമറിയിലൂടെ അധികാരം അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ശിവസേന ആരോപിച്ചു.

ഈ കാലയളവിൽ ബിജെപി മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ തകർത്തു. ഇപ്പോൾ രാജസ്ഥാനിൽ അശോക് ​ഗെലോട്ട് സർക്കാരിനെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ശിവസേന മുഖപത്രമായ സാമ്‌നയിലെ മുഖപ്രസം​ഗത്തിൽ ശിവസേന തുറന്നടിച്ചു.

‍200 അംഗ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന് 108- ഉം ബിജെപിക്ക് 72 എംഎൽഎമാരുണ്ട്. സ്വതന്ത്രരും മറ്റും സർക്കാരിനൊപ്പമാണ്. കോൺഗ്രസ് സർക്കാരിന് ഇപ്പോൾ ഭൂരിപക്ഷം കുറവാണെന്ന് പൈലറ്റ് അവകാശപ്പെടുന്നു. പൈലറ്റിന്റെ വാദം ശരിയാകുമായിരിക്കാം. എന്നാൽ സർക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുക നിയമസഭയിലാണെന്ന് മുഖപ്രസം​ഗത്തിൽ പറയുന്നു.

രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ പൈലറ്റിന് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് ചെറുപ്പമാണെന്നും ഭാവിയിൽ അവസരമുണ്ടെന്നും പാർട്ടി കുഴപ്പത്തിലായിരിക്കുമ്പോൾ, എലിയെ പോലെ പൈലറ്റ് ഓടിപ്പോകരുതെന്നും ശിവസേന കൂട്ടിച്ചേർത്തു. ‍

പൈലറ്റിന്റെ തീരുമാനം രാജസ്ഥാൻ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തും. കേന്ദ്രസർക്കാറിന്റെ പിന്തുണയില്ലാതെ ഇത് സാദ്ധ്യമല്ല. പ്രതിപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള ഒരു സൂത്രവാക്യത്തിലാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നതെന്നും ശിവസേന ആരോപിച്ചു.