കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.

രജൗരിയില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയുള്ള പര്‍ഗലിലെ സൈനിക ക്യാമ്പിലേക്ക് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്നലെ രാത്രി നടന്ന ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു.

അതേസമയം സൈനിക ക്യാമ്പില്‍ പരിശോധന തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബഡ്ഗാവിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു.