ഗോഡ്‌സെയെ വാഴ്ത്തി കൊണ്ടുള്ള പ്രസ്താവന: പാര്‍ട്ടിനേതാക്കളുടെ പരാമര്‍ശത്തിന് ബി.ജെ.പിയുമായി ബന്ധമില്ല, അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ

ഗോഡ്‌സെയെ വാഴ്ത്തി കൊണ്ടുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്താവനകളെ തള്ളി ബിജെപി രംഗത്ത്. അനന്ത് കുമാര്‍ ഹെഗ്‌ഡേ, പ്രജ്ഞ സിംഗ്  ഠാക്കൂര്‍, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോട് പാര്‍ട്ടി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഗോഡ്‌സെയെ വാഴ്തത്തി കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ബി.ജെ.പിയുടെ അഭിപ്രായമല്ലെന്നും അത് നേതാക്കന്മാരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഷാ വ്യക്തമാക്കി. വിഷയം ഗൗരവതരമാണെന്നും പ്രസ്താവനകള്‍ പിന്‍വലിച്ച് നേതാക്കന്മാര്‍  മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ഷാ പറഞ്ഞു. എന്നാല്‍, പ്രസ്താവനകള്‍ ബി.ജെ.പി അച്ചടക്കസമിതി പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച ഹിന്ദുവായ നാഥുറാം വിനായക് ഗോഡ്‌സെയാണ് ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി എന്ന കമല്‍ഹാസന്റെ പ്രസ്താവനയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ബിജെപി നേതാക്കള്‍ എത്തിയത്.

ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞ സിങ്ങ് ഠാക്കൂറിന്റെ പ്രസ്താവന. പ്രജ്ഞ സിങ്ങ് വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി, എം.പി നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. ഗോഡ്‌സെയേക്കാള്‍ ക്രൂരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു നളീന്‍കുമാര്‍ പറഞ്ഞത്.