'ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്തു'; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ

ഇരുന്നൂറോളം യുവതികളെ ബലാത്സംഗം ചെയ്ത പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികള്‍ക്കും ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോയമ്പത്തൂരിലെ പ്രത്യേക വനിതാ സിബിഐ കോടതിയാണ് ശിക്ഷാവിധി നടത്തിയത്. പ്രതികൾ എട്ട് പരാതിക്കാര്‍ക്കായി 85 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിചാരണക്കോടതി ഉത്തരവിട്ടു.

എന്‍ ശബരിരാജന്‍, കെ തിരുനാവുക്കരശ്, എം സതീഷ്, ടി വസന്തകുമാര്‍, ആര്‍ മണി, പി ബാബു, ടി ഹരോണിമസ് പോള്‍, കെ അരുളനാദം, എം അരുണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ആറ് വര്‍ഷം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് 9 പ്രതികള്‍ക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൂട്ട ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതികൾക്ക് ജീവിതാവസാനം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

2016 – 2019 കാലയളവിലായിരുന്നു തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. 2019 ഫെബ്രുവരിയില്‍ 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി പരാതി നല്‍കുമ്പോഴാണ് വിവരം പുറത്തുവരുന്നത്. ലൈംഗിക അതിക്രമത്തിനും ഭീഷണിപ്പെടുത്തിയതിനുമായിരുന്നു പരാതി. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി എന്നാണ് കേസ്. കേസില്‍ 12 പരാതിക്കാര്‍ കോടതിയില്‍ വിസ്താരത്തിനെത്തി. അന്വേഷണം തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സിബിഐക്ക് കൈമാറിയ കേസില്‍ 2019 മെയ് മാസത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിരുന്നു.

Read more