എന്തൊക്കെ ആയിരുന്നു! അയോധ്യയിൽ,മഥുരയിൽ ..ഒടുവിൽ ബിജെപി യോഗിയെ ഗൊരഖ്‌പൂരിലേക്ക് കെട്ടുകെട്ടിച്ചെന്ന് അഖിലേഷ്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പുർ അർബനിൽ മത്സരിക്കാൻ നിയോഗിച്ച ബിജെപി നേതൃത്വത്തെ പരിഹസിച്ച് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ‘നേരത്തെ ബിജെപി പറഞ്ഞത് അദ്ദേഹം അയോധ്യയിൽ മത്സരിക്കും, മഥുരയിൽ മത്സരിക്കും, പ്രയാഗ്‍രാജിൽ മത്സരിക്കും എന്നൊക്കെയാണ്. ഇപ്പോൾ നോക്കൂ. മുഖ്യമന്ത്രിയെ ബിജെപി ഇപ്പോഴേ ഗോരഖ്പുരിലേക്ക് അയച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നൽകിയ യാത്രയയപ്പ് ആണ് ഗോരഖ്പുർ അർബനിലെ സീറ്റ്’. അഖിലേഷ് പരിഹസിച്ചു. ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് ഗോരഖ്പുർ അർബനിൽ മത്സരിക്കാൻ യോഗി ആദിത്യനാഥ് സമ്മതം മൂളിയത്.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലെ 107 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഈ 107 സീറ്റുകളിൽ 83 എണ്ണത്തിലും ബിജെപി ജയിച്ചിരുന്നു. ഇവരിൽ 63 പേർക്ക് വീണ്ടും അവസരം നൽകിയപ്പോൾ 20 മണ്ഡലങ്ങളിൽ പുതുമുഖങ്ങളാണ് മത്സരിക്കാൻ എത്തുന്നത്. ആദ്യഘട്ട സ്ഥാനാർത്ഥിപട്ടികയിൽ 44 പേർ ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. 19 പേർ പിന്നാക്ക വിഭാഗക്കാരും. പത്ത് വനിതകളും മത്സരരംഗത്തുണ്ട്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിലാണ് യോഗി ജനവിധി തേടുന്നത്. നേരത്തെ അഞ്ച് തവണ ഗൊരഖ്പൂരിൽ നിന്നും യോഗി ലോക്സഭയിലേക്ക് ജയിച്ചിരുന്നു.

അതേസമയം അയോധ്യയിൽ നിന്നും മത്സരിക്കാൻ യോഗിക്ക് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാൽ ശക്തികേന്ദ്രമായ ഗൊരഖ്പൂർ കൈവിട്ട് പുതിയൊരു മണ്ഡലത്തിലേക്ക് മാറാനില്ലെന്ന നിലപാട് യോഗി സ്വീകരിച്ചുവെന്നാണ് വിവരം. എന്നാൽ ഈ വാർത്ത യുപിയുടെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ നിഷേധിച്ചു.

ഉത്തർപ്രദേശിൽ പതിനൊന്ന് ജില്ലകളിലെ 58 സീറ്റുകളിലാണ് നിലവിൽ നാമനിർദ്ദേശപത്രിക സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് മന്ത്രിമാരടക്കം 14 എംഎൽഎമാർ മുന്നണി വിട്ടത് ബിജെപിക്ക് ക്ഷീണമായിരുന്നു. ഇതു നല്കിയ തിരിച്ചടി മറികടക്കാനാണ് ബിജെപി നീക്കം.