‘ഞാനെന്താ ബോംബുമായി നടക്കുകയാണോ’; വിമാനത്താവളത്തിലെ സുരക്ഷയെ ചോദ്യം ചെയ്ത മലയാളിയെ ഇഴകീറി പരിശോധിച്ചു, വിമാനത്തിലും കയറ്റിയില്ല

വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ പരിശോധന നടത്തുന്നതിന് പ്രതിഷേധിച്ച മലയാളി യാത്രക്കാരനെ വിമാനത്തില്‍ കയറ്റിയില്ല. പത്തനംതിട്ട സ്വദേശിയായ അലക്‌സ് മാത്യുവിനെയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ കയറ്റാതിരുന്നത്. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നു ഭുവനേശ്വറിലേക്ക് പോകുകയായിരുന്നു ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ഇന്ത്യ-പാക് സംഘര്‍ഷം ഇപ്പോഴും തുടരുന്നതിനാല്‍ കനത്ത സുരക്ഷയാണ് രാജ്യത്തെ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് അലക്‌സ് കനത്ത സുരക്ഷയിലൂടെ പോകാന്‍ വിസമ്മതിച്ചത്. ‘ഞാനെന്താ ബാഗില്‍ ബോംബുമായി നടക്കുകയാണോ’ എന്ന അലക്‌സിന്റെ പരാമര്‍ശമാണ് ഇന്‍ഡിഗോ അധികൃതരുടെ നടപടിക്കു പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിലെ സിഐഎസ്എഫ് പരിശോധന പൂര്‍ത്തിയാക്കിയതിനു പിന്നാലെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് ബോര്‍ഡിങ് പോയിന്റിനു സമീപം രണ്ടാമതും യാത്രക്കാരെയും അവരുടെ ബാഗും പരിശോധിക്കുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (എസ്എല്‍പിസി) എന്ന സംവിധാനത്തിനെതിരെയാണ് അലക്‌സ് പ്രതിഷേധിച്ചത്.

പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ക്വിക്ക് റെസ്‌പോണ്‍സ് ടീമും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അലക്‌സിനെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതെ സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി അലക്‌സിനെ പൊലീസിനു കൈമാറുകയും ചെയ്തു.