വ്യോമസേന വിമാനാപകടം; മരിച്ച 13 പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു, മലയാളികളുടെ മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിക്കും

അരുണാചല്‍ പ്രദേശില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറു പേരുടെ മൃതദേഹങ്ങളും ഏഴു പേരുടെ മൃതദേഹാവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ പെട്ടിരുന്നത്. മരിച്ച മലയാളി സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.

ഈ മാസം മൂന്നിന് അസമിലെ ജോര്‍ഹതില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മചുകയിലേക്ക് പറക്കവെയാണ് വിമാനം കാണാതായത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നാണ് പിന്നീട് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടാകാനുള്ള കാരണം എന്താണ് അന്വേഷിച്ചു വരികയാണെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മലനിരകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്നും മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും ജോര്‍ഹാട്ടിലെ വ്യോമസേന ബേസ് ക്യാമ്പിലേക്ക് മാറ്റുമെന്നും വ്യോമസേന അറിയിച്ചു. വ്യോമസേനാ വിങ് കമാന്‍ഡര്‍ ജി എം ചാള്‍സ്, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ്, ഫ്‌ളൈറ്റ് ലെഫ്റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെ കെ മിശ്ര, സര്‍ജന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ് കെ സിംഗ്, പങ്കജ്, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചവര്‍. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാര്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഷെറിന്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്.