ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം വേണമെന്ന് ഒവൈസി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീ കൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊന്നതിനെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് വ്യക്തിപരമായ എതിര്‍പ്പാണുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഏറ്റുമുട്ടലിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സംഭവത്തില്‍ മന്ത്രിതല അന്വേഷണം വേണം. എല്ലാ കാര്യങ്ങളും ജനം അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പിനിടെ കേസിലെ നാല് പ്രതികളെയും പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്.

പൊലീസുകാരുടെ തോക്ക് കൈക്കലാക്കി ആക്രമിക്കാന്‍ പ്രതികള്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ നടന്നതെന്നാണ് പൊലീസ് വിശദീകരണം.