അഫ്ഗാൻ വിഷയം; ഇന്ത്യയുടെ നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ട്: ആർ.എസ്.എസ് നേതാവ് രാം മാധവ്

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ഭീകരർ പ്രവേശിച്ചു എന്നും പ്രസിഡന്റ് അഷ്റഫ് ഗനി രാജിവെക്കാനൊരുങ്ങുകയാണെന്നുമുള്ള വാർത്തകൾക്കിടയിൽ അഫ്ഗാനിസ്ഥാൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ആർ.എസ്.എസ് മുതിർന്ന അംഗമായ രാം മാധവ് ഞായറാഴ്ച പറഞ്ഞു. കാബൂൾ താലിബാൻ പിടിച്ചെടുക്കുന്നത് നമുക്ക് തടയാനായില്ല, പക്ഷേ അത് നമ്മുടെ താൽപ്പര്യങ്ങൾക്കെതിരാവുന്നത് തടയാൻ നാം തയ്യാറാകണം എന്ന് രാം മാധവ് ട്വീറ്റ് ചെയ്തു.

താലിബാൻ ഭീകരർ ഞായറാഴ്ച അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. യു.എസ് തങ്ങളുടെ എംബസിയിൽ നിന്ന് നയതന്ത്രജ്ഞരെ ഹെലികോപ്റ്ററിൽ ഒഴിപ്പിച്ചു. താലിബാൻ “എല്ലാ ഭാഗത്തുനിന്നും” മുന്നേറുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

അതേസമയം ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ല. അഫ്ഗാൻ സർക്കാരിന്റെ സമാധാനപരമായ കീഴടങ്ങലിനായി താലിബാൻ സംഘം സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പ്രസ്താവനയിൽ പറഞ്ഞു.

സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം യു.എസിനാൽ 20 വർഷം മുമ്പ് പുറത്താക്കപ്പെട്ട ഇസ്ലാമിസ്റ്റ് തീവ്രവാദികളായ താലിബാന്റെ മിന്നൽ മുന്നേറ്റമാണ് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള പ്രവേശനം. അഫ്ഗാനിസ്തന് പ്രതിരോധത്തിന്റെ തകർച്ച നയതന്ത്രജ്ഞരെ അമ്പരപ്പിച്ചിരിക്കുകയാണ്.