അദാനി ഗ്രൂപ്പില്‍ മേഞ്ഞ് കരടിയും കാളയും; പിടി തരാതെ ഓഹരികള്‍; പത്തില്‍ പച്ചവെളിച്ചം കാണിച്ചത് മൂന്നെണ്ണം മാത്രം; നിക്ഷേപകര്‍ പരിഭ്രാന്തിയില്‍

അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്നും വിപണിയില്‍ കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിലെ 10 ഓഹരികളില്‍ അദാനി പോര്‍ട്‌സ് അടക്കമുള്ള മൂന്ന് ഓഹരികള്‍ ഒഴികെയുള്ളതെല്ലാം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 89 പോയിന്റ് ഇടിഞ്ഞ് 17,764ലും സെന്‍സെക്‌സ് 334 പോയിന്റ് ഇടിഞ്ഞ് 60,506ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പവര്‍, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, എന്‍.ഡി.ടി.വി എന്നീ ഓഹരികള്‍ ഇന്നത്തെ എറ്റവും താഴ്ന്ന നിലയായ അഞ്ച് ശതമാനം ഇടിവില്‍ ലോവര്‍ സര്‍ക്യൂട്ടിലാണ് വിപണിയിലുണ്ടായിരുന്നത്. . അദാനി ട്രാന്‍സ്മിഷന്‍ 10 ശതമാനം ഇടിഞ്ഞു.

അദാനി എന്റര്‍പ്രൈസ് .89 ശതമാനമാണ് ഇടിഞ്ഞത്. അദാനി പോര്‍ട്ട് ഓഹരി വിപണിയില്‍ ഇന്നു കുതിപ്പ് നടത്തിയിട്ടുണ്ട്. 9.34 പോയിന്റുകള്‍ ഉയര്‍ത്തി 545.45 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍ഡിടിവിയുടെ ഷെയറുകളില്‍ ഇന്നു ഇടിവ് ഉണ്ടായിട്ടില്ല. 1.55 പോയിന്റുകള്‍ ഉയര്‍ത്തി 216.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അംബുജ സിമന്റ്സിന്റെ ഓഹരികളില്‍ 1.65 പോയിന്റുകള്‍ ഉയര്‍ത്തി 379.75ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ആരംഭിച്ച തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ അദാനിക്ക് സാധിച്ചിട്ടില്ല. ഇന്ത്യന്‍ സമ്പദ്ഘടനക്ക് ഒരു ഉലച്ചിലും സംഭവിക്കില്ലെന്ന് കേന്ദ് ധനമന്ത്രി പറഞ്ഞിരുന്നു. അദാനി ഓഹരികളില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിഞ്ഞ രീതിയാണ് വിപണയില്‍ കാണുന്നത്. നിക്ഷേപകര്‍ പരിഭ്രാന്തിയിലാണെന്നാണ് ഇന്നത്തെ ഇടിവും സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിമൂല്യം കഴിഞ്ഞ വെള്ളിയാഴ്ച ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 1017ലെത്തിയിരുന്നു. ഒരുവര്‍ഷക്കാലയളവില്‍ 4190 വരെ ഉയര്‍ന്ന ഓഹരിയാണ് വന്‍തകര്‍ച്ച നേരിട്ടത്.