റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ദാരുണാന്ത്യം. റീല്‍സ് ചിത്രീകരണത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഔറംഗാബാദിലെ ദത്തായേത്ര ക്ഷേത്രത്തിന് സമീപം നടന്ന അപകടത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ശ്വേത ദീപക് സുര്‍വാസെയാണ് മരിച്ചത്.

ശ്വേത ദീപക് സുര്‍വാസെ ഡ്രൈവിംഗ് പരിശീലനം നടത്തുന്നത് സുഹൃത്ത് കാറിന് പുറത്ത് നിന്ന് ചിത്രീകരിക്കുന്നുണ്ടായിരുന്നു. സുഹൃത്തിന്റെ ക്യാമറയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ സുഹൃത്ത് യുവതിയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് കേള്‍ക്കാം. കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടം സംഭവിച്ചതിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ പിന്നോട്ടെടുത്തപ്പോള്‍ വേഗത നിയന്ത്രിക്കാന്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.