കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാദ്ധ്യമല്ല, ശരദ് പവാര്‍

കോണ്‍ഗ്രസില്ലാതെ മൂന്നാം മുന്നണി സാദ്ധ്യമല്ലെന്ന് എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമങ്ങള്‍ക്കിടയിലാണ് പവാറിന്റെ പ്രതികരണം.

‘കോണ്‍ഗ്രസ് ഇല്ലാതെ മൂന്നാം മുന്നണി സാധ്യമല്ല. ഇപ്പോഴും രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനാല്‍ കോണ്‍ഗ്രസിനെ ഒപ്പം കൊണ്ടുപോകേണ്ടത് പ്രധാനമാണ്’, പവാര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ മുന്നണി രൂപീകരിക്കാന്‍ സാധ്യമല്ലെന്നാണ് പവാര്‍ ചൂണ്ടിക്കാണിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള ചില പ്രതിപക്ഷ നേതാക്കള്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Read more

മൂന്നാം മുന്നണി രൂപീകരിക്കാനള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു നേരത്തെ പവാറുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം ചന്ദ്രശേഖര്‍ റാവുവിന്റെ നീക്കത്തെ കോണ്‍ഗ്രസ് സംശയത്തോടെയാണ് കാണുന്നത്.