ഇ.വി.എമ്മില്‍ നിന്നും മോക്‌ പോള്‍ വോട്ടുകള്‍ നീക്കം ചെയ്യാന്‍ മറന്നു, അബദ്ധം മനസ്സിലായതോടെ മാറ്റിയത് യഥാര്‍ത്ഥ വോട്ടുകള്‍; 20 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി

ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മോക് പോളിലെ വോട്ടുകള്‍ നീക്കം ചെയ്യാതെ വോട്ടിംഗ് നടത്തിയ 20 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അച്ചടക്ക നടപടി. ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍ പ്രദേശിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വിഷയം അന്വേഷിക്കുമെന്നും കുറ്റക്കാരായ അഞ്ച് പ്രിസൈഡിംഗ്  ഉദ്യോഗസ്ഥരെയും 15 പോളിംഗ് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്യുമെന്നും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചീഫ് ദേവേഷ് കുമാര്‍ അറിയിച്ചു. സംസ്ഥാനത്തെ മാണ്ഡി, ഷിംല, ഹമിര്‍പുര്‍ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് ക്രമക്കേട് നടന്നതെന്നും ദേവേഷ് കുമാര്‍ പറഞ്ഞു.

ഞായറാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം. ഹിമാചല്‍ പ്രദേശിലെ 20 ഉദ്യോഗസ്ഥര്‍ മോക് പോള്‍ ഫലങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍നിന്ന് നീക്കം ചെയ്യാന്‍ മറക്കുകയും ഇത് യഥാര്‍ത്ഥ വോട്ടുകള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. പിന്നീട് അബദ്ധം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ചില വോട്ടുകള്‍ യന്ത്രത്തില്‍ നിന്നും നീക്കം ചെയ്യുകയുമായിരുന്നു.

Read more

യഥാര്‍ത്ഥ വോട്ടെടുപ്പ് തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് വോട്ടിംഗ് യന്ത്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാണോ എന്ന് ഉറപ്പു വരുത്താന്‍ അമ്പതോളം വോട്ടര്‍മാരെ നിയോഗിച്ച് മോക് പോള്‍ നടത്തേണ്ടത്. പോളിംഗ് ഏജന്റിന്റെ മുമ്പാകെ നടത്തുന്ന മോക് പോള്‍ ഫലങ്ങള്‍ പരസ്യമാക്കുകയും വേണം.