ആലപ്പുഴയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു; മൂന്ന് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേപ്പാട് സ്വദേശി ശബരിയാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി സുള്‍ഫിത്ത് അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ശബരിക്ക് മര്‍ദ്ദനമേറ്റത്. പള്ളിപ്പാട് മുട്ടത്ത് വെച്ചായിരുന്നു ആക്രമണം. ബൈക്കില്‍ വരികയായിരുന്ന ശബരിയെ തടഞ്ഞ് നിര്‍ത്തി സുല്‍ഫിത്ത് ഉള്‍പ്പെടെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. തലച്ചോറിന് ക്ഷതമേറ്റതായിരിക്കാം മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.