വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറി; ഉന്നത ഉദ്യോഗസ്ഥന് എതിരെ നടപടിക്കൊരുങ്ങി  വനിതാ കമ്മീഷന്‍

വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വനിതാ കമ്മീഷന്‍. വയനാട് എസ്പി ഓഫീസില്‍ വെച്ചാണ് സംഭവം. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ എസ്പിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇപ്പോള്‍ വനിതാസെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുടെ പരാതിയില്‍ കഴിഞ്ഞദിവസം കളക്ടറേറ്റില്‍ നടന്ന വനിതാ കമ്മീഷന്‍ പരാതി പരിഹാര അദാലത്തില്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി.

പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്മീഷന്‍ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, സംഭവം അതീവ ഗുരുതരമാണെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി. വിഷയത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ ഇടപെട്ട് തന്നെ സ്ഥലം മാറ്റിയതായും പരാതിയുണ്ട്.