റിട്ടയർ ചെയ്ത സ്ഥിതിക്ക് വധശിക്ഷ വിധിക്കുന്നത് നിർത്തിവെയ്ക്കുമോ; കെമാൽ പാഷയ്ക്ക് എതിരെ രൂക്ഷ വിമർശനം

ഉത്ര വധക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമായിരുന്നെന്നും കോടതിയുടേത് തെറ്റായ നിരീക്ഷണമാണെന്നും പറഞ്ഞ മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷയ്ക്കെതിരെ നിരവധി പേർ രം​ഗത്ത്. ആളുകൾക്ക് വധശിക്ഷ വിധിക്കുന്ന പരിപാടി റിട്ടയർ ചെയ്തു കഴിഞ്ഞ സ്‌ഥിതിയ്‌ക്ക്‌ ഒന്ന് നിർത്തിവയ്ക്കുമോ, റിട്ടയേർഡ് യുവർ ഓണർ എന്ന് മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.ജെ ജേക്കബ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇയാൾ ശരിക്കും ഒരു പബ്ലിക് ന്യൂയിസൺസ് ആയി മാറുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ പറഞ്ഞു. എന്റെ അനുമാനത്തിൽ കെമാൽ പാഷയ്ക്ക് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. ശരിക്കും വിടുവാ പ്രസ്താവന വെളിവില്ലാതെ വിളിച്ചു കൂവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഉത്ര വധക്കേസിൽ സൂരജിന് വധശിക്ഷ കിട്ടാതെന്ന് വ്യക്തമാക്കി അഡ്വ. ശ്രീജിത്ത് പെരുമനയും രം​ഗത്തെത്തി. ഉത്ര കേസിൽ പ്രതിയെ തൂക്കിലേറ്റാൻ വിധിക്കാത്തതിന്റെ പേരിൽ കോടതിക്കെതിരെയും, ജഡ്ജിനെയും ആക്രോശിച്ചുകൊണ്ട് വാളെടുക്കുന്ന പരിണിത പ്രജ്ഞാരായ നിയമജ്ഞാരോടാണ് എന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഉത്ര വധക്കേസിൽ ആൾക്കൂട്ട നീതിയായ തൂക്കുകയർ നൽകാതെ നീതി നടപ്പിലാക്കിയ ധീരനായ ജഡ്ജിനെതിരെ അദ്ദേഹത്തിന് തെറ്റ് സംഭവിച്ചു എന്നും, പ്രായം നോക്കിയല്ല വധശിക്ഷ നൽകുകയെന്നും, ജഡ്ജ് ഗുരുതരമായ കുറ്റം ചെയ്തു എന്നൊക്കെ മാധ്യമങ്ങളിലൂടെ മുൻ അഡ്വ ജനറലായിരുന്ന ആസിഫ് അലിയും, മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കേമാൽ പാഷയും, പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് വധശിക്ഷ കമ്മറ്റിക്കാരും അറിയാൻ നിയമവിദ്യാർഥി എന്ന നിലയിൽ ചില പരിമിതമായ അറിവ് പങ്കുവെക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് ശ്രീജിത്ത് കാരണങ്ങൾ എണ്ണി പറയുന്നത്.