'മോദി അമേരിക്കയിൽ നിന്ന്​ പുരാവസ്തുക്കൾ തിരിച്ചെത്തിച്ചപ്പോൾ, പിണറായി സര്‍ക്കാര്‍ പുരാവസ്തു തട്ടിപ്പ് നടത്തുന്നു'; കെ. സുരേ​ന്ദ്രൻ

പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനം നടത്തി, ഇന്ത്യയില്‍ അന്യാധീനപ്പെട്ട വസ്തുക്കള്‍ കൊണ്ടു വരുമ്പോള്‍ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ പുരാവസ്തു തട്ടിപ്പ് നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്കാരൊഴികെ എല്ലാവരും അവിടെ പോയിട്ടുണ്ട്. മോന്‍സണ്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതാക്കളുടെ സഹായത്തോടെയുള്ള തട്ടിപ്പാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

]കേരളത്തിൽ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പമാണെ്. പുരാവസ്തു വിൽപ്പനയുടെ പേരിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ-ഉദ്യോ​ഗസ്ഥരുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്’- കെ.സുരേന്ദ്രൻ പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്നും  കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഉന്നത ബന്ധങ്ങളുള്ള കേസ് അന്വേഷിക്കാന്‍ മറ്റ് ഏജന്‍സികളെ ഏല്‍പ്പിക്കണം. സംസ്ഥാന ഏജന്‍സികള്‍ ഈ കേസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ല. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ ശരിയാകുമോ?. നേരത്തെ ഇന്റലിജന്‍സ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് പറഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി.