യുവതിയുടെ ആത്മഹത്യ; സി.പിഎം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയുമായി ഭര്‍ത്താവ്

വയനാട്ടില്‍ കഴിഞ്ഞ മാസം ആത്മഹത്യചെയ്ത യുവതിയുടെ മരണത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി. ജില്ലാ സെക്രട്ടറി പി.പി ഗഗാറിന് മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ഭര്‍ത്താവ് എസ്.പിക്ക് പരാതി നല്‍കി.

കഴിഞ്ഞ മാസം 21-ന് വയനാട് വൈത്തിരിയിലെ വാടക വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത്. സിപിഎം ജില്ലാ സെക്രട്ടറി തന്റെ ഭാര്യയ്ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പലയിടത്തും കൊണ്ട് പോയതായും നിരന്തരം ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ഭാര്യ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും തന്നെ ഇല്ലായിരുന്നെന്നും മരണം സംഭവിച്ച സ്ഥലം പരിശോധിച്ചാല്‍ ഇത് കൊലപാതകമണെന്ന് സംശയം തോന്നുമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും യുവതിയുടെ ഭര്‍ത്താവിന്റെ മൊഴി എടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഒപ്പം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇയാള്‍ക്ക് നല്‍കിയിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും യുവതിയുടെ ഭര്‍ത്താവ് ആരോപിക്കുന്നു.