'കോണ്‍ഗ്രസിനെ കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചുകുത്തും'; ഡിജിറ്റല്‍ മീഡിയയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് പി. സരിന്‍

ഡിജിറ്റല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കോഡിനേറ്റര്‍ പി. സരിന്‍. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രാജിവച്ച ഒഴിവിലാണ് പി. സരിനെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചത്. വി.ടി ബല്‍റാമിനാണ് കെപിസിസി സോഷ്യല്‍ മീഡിയയുടെ ചുമതല.

ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. നേതാക്കളുടെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബ്രിഗേഡ് ആകും ഇനി ഉണ്ടാകുക. കോണ്‍ഗ്രസിനെ കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചുകുത്തുമെന്നും സിപിഎം സൈബര്‍ വിഭാഗത്തെ പരോക്ഷമായി പരാമര്‍ശിച്ച് സരിന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിന്‍ സിവില്‍ സര്‍വ്വീസ് രാജിവച്ചാണ് രാഷ്ട്രീയത്തിലറങ്ങിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററി പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് അനില്‍ ആന്റണിക്ക് ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനര്‍ സ്ഥാനം ഒഴിയേണ്ടി വന്നത്.

Read more

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പുനസംഘടിപ്പിക്കാനും തിരുമാനമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമങ്ങളുടെ നടത്തിപ്പ് വന്‍ പരാജയമാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് കൊണ്ട് സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നേതൃത്വം കോണ്‍ഗ്രസിന് വേണമെന്ന അഭിപ്രായവും വ്യാപകമായി ഉയര്‍ന്നിരുന്നു.