'തല്ലിയത് ബി.ജെ.പി പ്രവര്‍ത്തകര്‍, രാഷ്ട്രീയ വൈരാഗ്യം'; ആരോപണവുമായി വാളയാര്‍ പീഡനക്കേസ് പ്രതിയുടെ അമ്മ

വാളയാര്‍ പീഡനക്കേസിലെ നാലാം പ്രതി മധുവിനെ അക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് മധുവിന്റെ അമ്മ. പാര്‍ട്ടി വൈരാഗ്യത്തിന്റെ പേരിലാണ് മകനെ തല്ലിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് അട്ടപ്പള്ളം ഭാഗത്തുവെച്ചായിരുന്നു ഇന്ന് ഉച്ചയോടെ കേസിലെ പ്രതിക്ക് നേരെ മര്‍ദ്ദനം ഉണ്ടായത്. സാരമായി പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മധു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

റോഡരികില്‍ കിടന്ന മധുവിനെ പൊലീസാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാരില്‍ ചിലര്‍ പ്രദേശത്ത് താമസിക്കാന്‍ പാടില്ലെന്ന് ഇയാളെ ഭീഷണിപ്പെടുത്തിയിരുന്നു. അട്ടപ്പളളം ശെല്‍വപുരത്തെ വീട്ടിലാണ് 2017 ജനുവരി പതിമൂന്നിന് പതിമൂന്നു വയസ്സുകാരിയെയും മാര്‍ച്ച് നാലിന് ഒന്‍പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു.

Read more

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.