പിണറായിക്ക് മറുപടിയുമായി വി.ടി. ബല്‍റാം; 'മന്‍മോഹന്‍ സിംഗും പാവങ്ങളുടെ പടത്തലവന്‍, വിവരദോഷിയായ മന്ത്രിയെ തിരുത്താന്‍ വിവേകമുള്ള നേതൃത്വം സിപിഐഎമ്മിനില്ല'

തന്നെ വിവരദോഷിയെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി.ടി. ബല്‍റാം എംഎല്‍എ. മന്ത്രി മണി മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പറഞ്ഞ കാര്യം ഉപയോഗിച്ചാണ് ബല്‍റാം പ്രതിരോധം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. മദ്യപിക്കാനായി യുഎസില്‍ പോകുന്ന വ്യക്തിയാണ് മന്‍മോഹന്‍ സിംഗ് എന്നായിരുന്നു മന്ത്രി മണി ഉന്നയിച്ച ആരോപണം. ഇങ്ങനെ പറഞ്ഞിട്ടും മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നാണ് ബല്‍റാം ഉയര്‍ത്താന്‍ ശ്രമിക്കുന്ന വാദം. അതേസമയം, ഏറെ പ്രതിരോധത്തിലായിട്ടിലും എകെജിയെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ ബല്‍റാം മൗനം പാലിക്കുകയാണ്.

ബല്‍റാം പറഞ്ഞത് ഇങ്ങനെ

ഡോ. മന്മോഹന്‍ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും ജീര്‍ണ്ണത തെളിയിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആ പാര്‍ട്ടി/ഭരണ നേതൃത്വങ്ങളാണ്.

ഡോ. മന്മോഹന്‍ സിംഗ് ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളില്‍ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മിഡില്‍ ക്ലാസിലേക്കുയര്‍ത്തിയ ദീര്‍ഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സില്‍ ഒരു നുള്ള് മണല്‍ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേല്‍പ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം.

ഉയര്‍ന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച് ഉയര്‍ന്നുവരാത്തതുമായ പ്രതികരണങ്ങള്‍ കണ്ടെങ്കിലും അത്തരം ബോധം വരാത്തതില്‍ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആര്‍ത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിനെയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിര്‍ഗുണ സഖാക്കള്‍ ഓര്‍ക്കുന്നത് നന്ന്. ഡോ. മന്മോഹന്‍സിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സര്‍ക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

https://www.facebook.com/photo.php?fbid=10155480053399139&set=a.10150384522089139.360857.644674138&type=3&theater