വിജയ് ബാബുവിനെ കുടുക്കിയതെന്ന് അമ്മ, മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി.

 

 

നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ചിലര്‍ കുടുക്കിയതാണെന്ന് അമ്മ മായാ ബാബു. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്  അവര്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. മകനെതിരെ നടി നല്‍കിയത് വ്യാജ പരാതിയാണെന്നും പിന്നില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവര്‍ത്തകരാണെന്നും മായ ബാബു പരാതിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ പറയുന്നു.

 

അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. ഇന്റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ കോടതി കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്റാണ് യുഎഇ പൊലീസിന് കൈമാറിയിട്ടുണ്ട്. വിജയ് ബാബു യു എ ഇയില്‍ എവിടെയുണ്ടന്ന് നിലവില്‍ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച് കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്റര്‍പോള്‍ വഴി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.